സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് പുതിയ വിപണി സാധ്യതകൾ ഒരുങ്ങുന്നു. ഫലപ്രദമായ വിപണനമാർഗങ്ങളും സംഭരണവും വിതരണവും ഉൾപ്പെടെ ലഭ്യമാക്കിക്കൊണ്ട് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഉൽപന്നങ്ങൾക്ക് ദേശീയതലത്തിൽ വിപണനമാർഗവും സുസ്ഥിര വരുമാനവും ലഭ്യമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ തന്നെ പോക്കറ്റ് മാർട്ട് ആപ് വഴിയാകും ഉൽപന്ന വിപണനം. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വരുമാനലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് സാമ്പത്തിക സ്വാശ്രയത്വം നേടാൻ സഹായിക്കുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ അമിഗോസിയ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ അരുൺ എൻ എന്നിവർ ധാരണാപത്രം ഒപ്പു വച്ചു.
നിലവിൽ പേപ്പർ പേന, ബാഗ്, ഫയൽ, കരകൗശല വസ്തുക്കൾ വ്യത്യസ്തങ്ങളായ നിരവധി ഉൽപന്നങ്ങൾ ബഡ്സ് വിദ്യാർത്ഥികൾ നിർമിക്കുന്നുണ്ട്. പ്രാദേശികതലത്തിലും കുടുംബശ്രീയുടെ ആഭിമുഖ്യത്തിലും സംഘടിപ്പിക്കുന്ന വിപണനമേളകൾ, സരസ് മേളകൾ, വിവിധ പരിശീലന പരിപാടികൾ എന്നിവയാണ് പ്രധാന വിപണന മാർഗങ്ങൾ. ധാരണാപത്രം പ്രകാരം അമിഗോസിയ പ്രൈവറ്റ് ലിമിറ്റഡ് മുഖേന ബ്ഡ്സ് വിദ്യാർത്ഥികൾ നിർമിക്കുന്ന ഉൽപന്നങ്ങൾ മൊത്തമായി വാങ്ങും. ഇവ പിന്നീട് കുടുംബശ്രീയുടെ തന്നെ ഒാൺ ലൈൻ വിപണന വേദിയായ പോക്കറ്റ്മാർട്ട് ആപ്പിൽ ഉൾപ്പെടുത്തും.
ആദ്യഘട്ടത്തിൽ ബഡ്സ് വിദ്യാർത്ഥികളുടെ അഞ്ഞൂറോളം ഉൽപന്നങ്ങളാണ് പോക്കറ്റ് മാർട്ട് ആപ്പിൽ ലഭ്യമാക്കുക. ഇതോടൊപ്പം ഒാൺലൈൻ ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിച്ചു കൊണ്ട് ഉൽപന്നങ്ങളുടെ ബ്രാൻഡിങ്ങ്. മാർക്കറ്റിങ്ങ് എന്നിവ വിപുലീകരിക്കും. ഇതുവഴി രാജ്യമൊട്ടാകെയുള്ള വൻകിട കോർപ്പറേറ്റ് കമ്പനികൾ, സ്ഥാപനങ്ങൾ, ഉപഭോക്താക്കൾ എന്നിവരിലേക്ക് ഉൽപന്നങ്ങൾ എത്തിക്കാനാകും. നിലവിൽ "ഇതൾ' എന്ന ബ്രാൻഡിൽ ബഡ്സ് ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്. ഇവയടക്കം പോക്കറ്റ് മാർട്ട് ആപ്പിൽ എത്തിച്ചുകൊണ്ട് ഉൽപന്ന വിപണനം ഊർജിതമാക്കും.
വിപണിയിലെ ആവശ്യകതയ്ക്കനുസരിച്ച് ഉൽപന്ന നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ചുമതല കുടുംബശ്രീക്കാണ്. ഉൽപന്ന നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതോടൊപ്പം ഉൽപന്നങ്ങളുടെ ഗുണനിലവാരവും കുടുംബശ്രീ ഉറപ്പുവരുത്തും.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ നവീൻ, പഞ്ചായത്ത് ഡയറക്ടർ(ഗ്രാമം) ഡോ. ദിനേശൻ ചെറുവത്ത്, അമിഗോസിയ പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റന്റ് മാനേജർ രഞ്ജിനി എസ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി രാജൻ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ജിഷ്ണു ഗോപൻ എന്നിവർ പങ്കെടുത്തു.
- 27 views